You are hereKerala Govt Joins with AKPA to celebrate World Photographic Day
Kerala Govt Joins with AKPA to celebrate World Photographic Day
ഓള് കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഫോട്ടോഗ്രഫി ദിനം മൂന്നു ദിവസം നീണ്ട വിപുലമായ പരിപാടികളോടെ കണ്ണൂരില്‍ ആഘോഷിച്ചു. " മനുഷ്യന്‍ വരുത്തിയ വിന " എന്ന വിഷയത്തെ ആസ്പദമാക്കി ആയിരത്തി ഒന്ന് ഫോട്ടോകളുടെ എക്സിബിഷന്‍ നടത്തിയത് ആയിരക്കണക്കിന് ആളുകള്‍ വീക്ഷിച്ചു. ഏഷ്യന്‍ ഫോട്ടോ പ്രദര്‍ശനങ്ങളുടെ ചരിത്രത്തില്‍ ഒരു വിഷയത്തില്‍ മാത്രം ഊന്നല്‍ കൊടുത്ത് ഇത്രയേറെ ഫോട്ടോകളുടെ പ്രദര്‍ശനം നടത്തിയതില്‍ ഏവരും എ കെ പി എ സംഘടനയെ അനുമോദിക്കുകയുണ്ടായി. ആഗസ്ത് പതിനെട്ടാം തീയ്യതി നടന്ന ചിത്ര പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ . പി കെ സരള ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രഫി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ട് ആഗസ്ത് പത്തൊന്‍പതാം തീയ്യതി ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ക്യാമറയും കയ്യിലേന്തി കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നുമുള്ള നൂറു കണക്കിന് ഫോട്ടോ ഗ്രാഫര്മാര്‍ പങ്കെടുത്ത ഗംഭീര ഘോഷയാത്ര ഉണ്ടായിരുന്നു.
ടൌണ്‍ സ്ക്വയറില്‍ ഒരുക്കിയ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിന്റെ വേദിയില്‍ എം എല്‍ എ അബ്ദുള്ളക്കുട്ടി അധ്യക്ഷം വഹിച്ചു. പി ആര്‍ ഡി വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് യോഗം ഉദ്ഘാടനം ചെയ്യുകയും ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. എ കെ പി എ ഭാരവാഹികള്‍ മുന്നോട്ടു വച്ച ആവശ്യ പ്രകാരം വരും വര്ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഫോട്ടോഗ്രഫി അവാര്‍ഡ് തുകയില്‍ കാര്യമായ വര്‍ധന വരുത്തുന്നതാണ് എന്ന് മന്ത്രി കെ. സി ജോസഫ് പറയുകയുണ്ടായി.
ദേശീയ - സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ജേതാവ് സലിം അഹമ്മദ്, ബാലശ്രീ പുരസ്കാര ജേതാവ് ഹര്‍ഷിത എന്നിവര്‍ക്കും പത്ര മാധ്യമ രംഗത്തെയും എ കെ പി എ സംഘടനയിലെയും മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും സംഘടനയുടെ ആദരം ബഹുമാനപ്പെട്ട മന്ത്രി നല്‍കുകയുണ്ടായി. പി ആര്‍ ഡി വകുപ്പ് ഡയരക്ടര്‍ ശ്രീ നന്ദകുമാര്‍ ഐ എ എസ് , എം എല്‍ എ രാജേഷ് , പത്ര പ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ഫോക്കസിങ്ങും ഫോടോഗ്രഫര്‍മാരുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രതിജ്ഞയും നടന്നു. വിശിഷ്ട വ്യക്തികള്‍ വേദിയില്‍ നിന്നും സദസ്സിലേക്കിറങ്ങി ഫോട്ടോഗ്രാഫര്‍മാരോടോത്തു ചേര്‍ന്ന് സാമൂഹ്യ പ്രതിബദ്ധതാ പ്രതിജ്ഞ ചടങ്ങിലും ഗ്രൂപ്പ് ഫോക്കസിങ്ങിലും പങ്കെടുത്തു.
മൂന്നു ദിവസം നീണ്ട ഫോട്ടോ പ്രദര്‍ശനവും ആഘോഷ പരിപാടികളും ആഗസ്ത് ഇരുപതാം തീയ്യതി വൈകിട്ട് അഞ്ചു മണിക്ക് സമാപിച്ചു.
പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്തു കാണാം.